കോട്ടയം: കൊവിഡ് സോണുകളിലെ സി, ഡി കാറ്റഗറികളിൽ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രവർത്തനാനുമതി നൽകി കോട്ടയം ജില്ല കലക്‌ടർ. ഓഗസ്റ്റ് 15 വരെ പ്രവര്‍ത്തനാനുമതി നല്‍കി കലക്‌ടർ ഉത്തരവിറക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറ് വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കേണ്ടത്.
എസ്.എസ്.എല്‍.സി റീവാല്യുവേഷനും നീറ്റ് പരീക്ഷയ്ക്കും വിവിധ കോഴ്‌സുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയ കേന്ദ്രങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭപ്പെടുന്നതും കണക്കിലെടുത്താണ് തീരുമാനം. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ഒരു സമയം പ്രവേശനം അനുവദിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കണം. നൂറു ചതുരശ്ര അടിക്ക് നാലു പേര്‍ എന്ന കണക്കിലാണ് ഇത് നിശ്ചയിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
അക്ഷയ കേന്ദ്രങ്ങളിൽ കർശന നിർദേശങ്ങൾ
അധികമായി ആളുകള്‍ എത്തുന്ന പക്ഷം അവരെ പുറത്തു നിര്‍ത്തി അകത്തുള്ളവര്‍ പുറത്തു പോകുന്ന മുറയ്ക്കു മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ജീൻസ് ധരിക്കാൻ വാശിപിടിച്ചതിന് പെൺകുട്ടിയെ മർദ്ദിച്ചു കൊന്നു