കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കൊവിഡ് ഐസിയു ഒരുങ്ങുന്നു. ജില്ലയിലെ രണ്ടാമത്തെ കൊവിഡ് ആശുപത്രിയാണിത്. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ആശുപത്രിയിൽ ഒരു വാർഡ് മുഴുവനായും ഐസിയുവാക്കി മാറ്റാനാണ് തീരുമാനം. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ പൂർണമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നീക്കം. ഒരു കോടി രൂപാ ചെലവിൽ സെൻട്രലൈസിഡ് ഓക്സിജൻ സംവിധാനത്തോടെയാണ് ഐസിയു തയ്യാറാക്കുന്നത്.
ഐസിയുവിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ അറിയിച്ചു. ജനറൽ ആശുപത്രിയെ പൂർണ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ആശുപത്രിയിലെ ഒപി സമീപത്തെ സെന്‍റ് ആൻസ് സ്കൂളിലേക്ക് മാറ്റി പ്രവർത്തിക്കും. ജനറൽ ആശുപത്രിയിൽ ഗർഭിണികളുടെയും കുട്ടികളുടെയും വാർഡ് ഒഴികെ മറ്റു വാർഡുകൾ കൊവിഡ് ചികിത്സക്കായി മാറ്റും.