കോട്ടയം: കോട്ടയം ജില്ലയിൽ പതിനൊന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. റിയാദിൽ നിന്നും കെയർടേക്കർക്കൊപ്പം എത്തിയ രണ്ട് കുട്ടികൾക്കും ഡൽഹിയിൽ നിന്നെത്തി ഒന്നിച്ച് ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന നഴ്സുമാരും വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
ഡൽഹിയിൽ നിന്നെത്തി ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന മണിമല സ്വദേശി, വയനാട് സ്വദേശിനിയായ നഴ്സ്, ജൂൺ എട്ടിന് റിയാദിൽ നിന്നും കെയർടെയ്ക്കർക്കൊപ്പമെത്തിയ വാഴപ്പള്ളി സ്വദേശിയായ പത്ത് വയസുകാരൻ, ആറ് വയസുകാരിയായ സഹോദരി, കുവൈറ്റിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി, റിയാദിൽ നിന്നെത്തിയ മണിമല സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തി എരുമേലിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കരിക്കാട്ടൂർ സ്വദേശിനി, കുവൈറ്റിൽ നിന്നെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുറച്ചാൽ സ്വദേശി, മുംബൈയിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിലായിരുന്ന കറുകച്ചാല്‍ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ എരുമേലി സ്വദേശി, ഡൽകിയിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുള്ളത്.
ഗാർഹിക നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ കുടുംബത്തിലുള്ളവർക്ക് വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ ജില്ലാ ഭരണകൂടം . അതേ സമയം രോഗബാധിതരുടെ എണ്ണം ജില്ലയിൽ ഗണ്യമായി വർധിച്ചതോടെ പാലാ ജനറൽ ആശുപത്രിയിലും ഐസൊലേഷൻ ആരംഭിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ഒൻപതു പേരെ പാലാ ജനറൽ ആശുപത്രിയിലും രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.