കോട്ടയം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ വസ്‌തുവും കെട്ടിടങ്ങളും ജപ്‌തി ചെയ്‌ത് കോടതി. റോഡ് നിർമാണങ്ങളുടെ പണം കരാറുകാരായ പി ടി തോമസിനും മകൻ ടിറ്റോ തോമസിനും കൊടുക്കാതെ വന്നതോടെയാണ് ജപ്‌തി. കോട്ടയം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. 2000 മുതൽ 2008 വരെയുള്ള വർഷത്തെ കുടിശ്ശിക തുകയാണ് കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് നൽകാനുള്ളത്.
കുടിശ്ശിക മൂന്ന് കോടി രൂപയായതോടെ പൊതുമരാമത്ത് വകുപ്പിന്‍റെ ഒരേക്കർ ഭൂമി ജപ്‌തി ചെയ്യുന്ന നടപടിയുമായി കോടതി രംഗത്തെത്തുകയായിരുന്നു. ജപ്‌തി ചെയ്‌ത ഒരേക്കർ ഭൂമിയിൽ നിന്ന് 30 സെന്‍റ് ഈ വരുന്ന ജനുവരി അഞ്ചിന് ലേലത്തിൽ വയ്ക്കാനും ഇതിൽ നിന്ന് കിട്ടുന്ന തുകയിൽ നിന്ന് കുടിശ്ശിക കണ്ടെത്താനുമാണ് കോട്ടയം പ്രിൻസിപ്പൽ സബ് കോടതി നിർദേശിച്ചിരിക്കുന്നത്.
തെളളകം സ്വദേശികളായ പി ടി തോമസിനും മകൻ ടിറ്റോ തോമസിനുമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് നിർമാണ കരാർ അനുസരിച്ച് മൂന്നുകോടി രൂപ കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ളത്. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേ, ഏറ്റുമാനൂർ വൈക്കം റോഡ് എന്നിവയുടെ ഭാഗങ്ങളുടെയും ജില്ലയിലെ മറ്റ് റോഡുകളുടെയും നിർമാണത്തുകയാണ് കുടിശ്ശികയായത്. പ്രിൻസിപ്പൽ സബ് കോടതിയുടെയും അഡീഷണൽ സബ് കോടതിയുടെയും ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പൊതുമരാമത്ത് വകുപ്പ് അപ്പീൽ നൽകിയിരുന്നെങ്കിലും ഇവ പിന്നീട് തള്ളി.
ഉത്തരവ് വന്നിട്ടും വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്‌ത് കരാറുകാർ വീണ്ടും കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജപ്‌തി നടപടിയുമായി പ്രിൻസിപ്പൽ സബ് കോടതി രംഗത്തെത്തിയത്. അതേസമയം പിഡബ്ല്യുഡി ഭൂമി ജപ്‌തി ചെയ്യുമ്പോൾ ഇവിടെ പ്രവർത്തിക്കുന്ന എക്‌സിക്യുട്ടീവ്, അസിസ്റ്റന്‍റ് എൻജിനീയർമാരുടെ ഓഫിസുകളുടെ പ്രവർത്തനം തത്‌കാലത്തേക്ക് തടസപ്പെടില്ലെന്നും കോടതി അറിയിച്ചു.