കോട്ടയം:പാലാ ജനറൽ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശവുമായി ബന്ധപ്പെട്ട് പാലാ നഗരസഭാ കൗണ്‍സിലില്‍ വിവാദം പുകയുന്നു. കോണ്‍ഗ്രസ് അംഗമായ കൗണ്‍സിലര്‍ മിനി പ്രിന്‍സ് നടപടിയെ അനുകൂലിച്ചുവെന്ന നഗരസഭാ മിനുട്‌സ് റിപ്പോര്‍ട്ട് വിവാദമായി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മിനുട്‌സ് തിരുത്തിയതാണെന്ന് വിവരം ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.
ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കുന്നതിനൊപ്പം സിവില്‍ സ്റ്റേഷന്‍ റൗണ്ടാനക്ക് മാണി സര്‍ സ്‌ക്വയര്‍ എന്ന് പേരിടണമെന്നുമായിരുന്നു മുന്‍പത്തെ പ്രമേയം. എന്നാല്‍ ഇതേ സ്ഥലങ്ങള്‍ക്ക് സ്വാതന്ത്ര്യസമര സേനാനിയായ കെ.എം ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചിരുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ബിജു പാലൂപ്പടവന്‍ ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായപ്പെട്ടവര്‍ക്കൊപ്പമാണ് മിനി പ്രിന്സിന്റെ പേരും പരാമര്‍ശിക്കപ്പെട്ടത്. തന്റെ കുടുംബം കേരള കോണ്‍ഗ്രസ് ആണെന്നും മാണി സാറിന്റെ കാര്യത്തില്‍ എതിര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മിനി പ്രിന്‍സ് പറഞ്ഞതായാണ് മിനുട്‌സിലുള്ളത്. അതേസമയം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ ഇടപെട്ട് മിനുട്‌സ് തിരുത്തിയതാണെന്നും മിനി പറഞ്ഞു. മിനുട്‌സ് എഴുതിയ ഉദ്യോഗസ്ഥന്‍ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് എഴുതി ചേര്‍ത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെയര്‍പേഴ്‌സനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കയര്‍ക്കുകയാണ് ഉണ്ടായതെന്നും മിനി പ്രിന്‍സ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനുള്ളിലും വിഷയം വിവാദമായി മാറുകയാണ്. എന്നാൽ മിനി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുതിയിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സതീഷ് ചൊള്ളാനി പ്രതികരിച്ചത്.