കോട്ടയം: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയതിനെ തുടര്‍ന്ന് വാക്കു തര്‍ക്കം. നിരീക്ഷണത്തിലുളളവരെ സ്വകാര്യ വാഹനത്തില്‍ പോളിങ് ബൂത്തിലെത്തിച്ചത് കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെയാണെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. കോട്ടയം നഗരത്തിലെ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലായിരുന്നു സംഭവം.
കൊവിഡ് നിരീക്ഷണത്തിലുള്ളവരെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിച്ച സ്വകാര്യ വാഹനത്തിലെ ഡ്രൈവര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നില്ലെന്നും നിരീക്ഷണത്തിലുള്ളവരെ എത്തിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ പോളിങ് ബൂത്തിന് സമീപം ചുറ്റിത്തിരിഞ്ഞ് നടക്കുന്നുവെന്നും ആരോപിച്ചാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്. വോട്ട് ചെയ്യാനെത്തിയ നിരീക്ഷണത്തിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കോട്ടയം എസ്എച്ച് കോണ്‍വെന്‍റിലെ 14 കന്യാസ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. വാഹനത്തില്‍ ഒന്നിന്‍റെ ഡ്രൈവര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മകനാണെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. ഒടുവില്‍ വോട്ടിങ് തടസപ്പെടുത്തരുതെന്ന നിലപാടില്‍ എല്ലാവര്‍ക്കും വോട്ടിങ്ങിന് അവസരമൊരുക്കി. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.