കോട്ടയം: പി.സി ജോര്‍ജ്ജ് എംഎല്‍എ പങ്കെടുത്ത ഈരാറ്റുപേട്ട നഗരസഭയുടെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയില്‍ വാക്കേറ്റവും ബഹളവും. നഗരസഭയുടെ ഒരു പരിപാടികളിലും എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്നായിരുന്നു നഗരസഭയുടെ മുന്‍നിലപാട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എംഎല്‍എയെ പങ്കെടുപ്പിച്ചെങ്കിലും വേദി പങ്കിടാന്‍ ചെയര്‍മാന്‍ വി.എം സിറാജ് തയാറായില്ല. പകരം പരിപാടിക്ക് എത്തിയവര്‍ക്കൊപ്പമാണ് ചെയര്‍മാന്‍ പരിപാടിയില്‍ പങ്കെടുത്തത്.
ഈരാറ്റുപേട്ടക്കാരില്‍ ഒരുവിഭാഗം തീവ്രവാദികളാണെന്ന പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മുന്‍ഫോൺ സംഭാഷണത്തെ തുടര്‍ന്നാണ് എംഎല്‍എയെ നഗരസഭ ഒഴിവാക്കി തുടങ്ങിയത്. ഇന്നലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരണ വേദിയില്‍ പങ്കെടുത്ത സംസാരിച്ച പിസി ജോര്‍ജ്ജ് വിഎം സിറാജിനെതിരെ ശക്തമായി പ്രതികരിച്ചു. നിലവിട്ട് പെരുമാറരുതെന്നും ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കണമെന്നുമടക്കം ജോര്‍ജ്ജ് പറഞ്ഞു.
ലൈഫ് പദ്ധതിക്ക് ആവശ്യമായ തുക വായ്പ തരപ്പെടുത്തിയത് താനാണെന്ന് എംഎല്‍എ ആവര്‍ത്തിച്ചു. പ്രസംഗത്തിന് പിന്നാലെ ജോര്‍ജ്ജ് വേദി വിടുകയും ചെയ്തു. പിന്നാലെ സംസാരിച്ച ചെയര്‍മാന്‍ വി.എം സിറാജ് ജനപ്രതിനിധികളെ വിളിക്കണമെന്നുള്ളത് കൊണ്ട് മാത്രാണ് എംഎല്‍എയെ വിളിച്ചതെന്ന് വ്യക്തമാക്കി. വായ്പ ആരുടെയും ഔദാര്യമല്ല. നഗരസഭയ്ക്ക് സര്‍ക്കാര്‍ നല്‍കിയതാണ്. വൃത്തികേടുകള്‍ പറയുന്നതിന് പരിധിയുണ്ട്. ഇവിടെ പലരുടെയും ഇടപാടുകള്‍ പറയേണ്ടിവരുമെന്ന് സിറാജ് പറഞ്ഞതോടെ പി.സി ജോര്‍ജ്ജ് അനുകൂലിയായ കൗണ്‍സിലര്‍ ഹസീബ് ഇടപെട്ടു. ഇതോടെ വാക്കുതര്‍ക്കവും രൂക്ഷമായി. ഇതേ തുടര്‍ന്ന് പരിപാടിയ്‌ക്കെത്തിയവര്‍ ഇറങ്ങിപ്പോയി. എംഎല്‍എ യുമായുള്ള പ്രശ്‌നങ്ങള്‍ ഉടനെങ്ങും അവസാനിക്കില്ലെന്ന സൂചനയാണ് ഈ സംഭവവും വ്യക്തമാക്കുന്നത്.