കോട്ടയം : സര്‍ക്കാര്‍ അവഗണനയും കൊപ്രയുടെ ലഭ്യതക്കുറവും മൂലം പ്രതിസന്ധിയിലായി സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങള്‍. തേങ്ങയുടെ ഉത്‌പാദനം പലയിടത്തും കുറഞ്ഞതോടെയാണ് കൊപ്ര ലഭിക്കാതെ ആയത്. ഒപ്പം ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണി കീഴടക്കിയതും ശുദ്ധമായ വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കുന്ന ചെറുകിട സംഘങ്ങള്‍ക്ക് തിരിച്ചടിയായി.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ അകലക്കുന്നം, മുഴൂരില്‍ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രം 5 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. 177 അംഗങ്ങളുടെ കൂട്ടായ്‌മയിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. നിലവില്‍ സംസ്ഥാനത്തെ മറ്റെല്ലാ വെളിച്ചെണ്ണ ഉത്‌പാദന കേന്ദ്രങ്ങളെയും പോലെ പ്രതിസന്ധി നേരിടുകയാണ് മുഴൂരിലെ കേന്ദ്രവും.
കൊപ്ര കളങ്ങള്‍ ഇല്ലാതായതോടെ തേങ്ങ വാങ്ങി കൊപ്രയാക്കിയാണ് സംഘം വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘത്തിന് പുതിയ ഡ്രൈയറുകള്‍ ആവശ്യമാണ്. 7 മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഡ്രൈയറിന്‍റെ വില. കൂടാതെ പരിപാലന ചെലവും കൂടുതലാണ്.
ഒരു സൊസൈറ്റിയെ സംബന്ധിച്ച് നിലവിലെ പ്രതിസന്ധിക്കിടെ ഇത്രയും ഭീമമായ തുക ചെലവഴിക്കുക എന്നത് ബുദ്ധിമുട്ടാണ്. കൂടാതെ തേങ്ങയുടെ വിലവര്‍ധനയും വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു കിലോ വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കണമെങ്കില്‍ അഞ്ചര കിലോ തേങ്ങ ആവശ്യമായി വരും. അഞ്ചരകിലോ തേങ്ങയ്ക്ക് 150 രൂപ നല്‍കണം. തേങ്ങയുടെ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വന്‍കിട കമ്പനികള്‍ വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന ലോബികള്‍ മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തിച്ച് വിലകുറച്ച് വില്‍ക്കുന്നതും ചെറുസംഘങ്ങള്‍ക്ക് തിരിച്ചടിയാണ്. മൂഴൂരിലെ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രത്തില്‍ നിന്നും യുകെ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ കയറ്റുമതി ചെയ്‌തിരുന്നു.
എന്നാല്‍ കൊവിഡ് പ്രതിസന്ധിയും നിലവില്‍ കണ്ടെയ്‌നര്‍ ചാര്‍ജ് വര്‍ധിച്ചതും കയറ്റുമതി നിലയ്ക്കുന്നതിന് കാരണമായി. മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നതിന് സര്‍ക്കാരില്‍ നിന്നോ കൃഷിവകുപ്പില്‍ നിന്നോ സൗജന്യ നിരക്കില്‍ ഡ്രൈയറുകള്‍ ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് മൂഴൂര്‍ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രത്തിന്‍റെ ആവശ്യം. ഒപ്പം വൈദ്യുതിയും സൗജന്യമായി നല്‍കണം. എങ്കില്‍ കുറഞ്ഞ വിലയില്‍ ശുദ്ധമായ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് സംഘം പറയുന്നത്.