കോട്ടയം: നഗരത്തിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ. കോട്ടയം സിഎംഎസ് കോളജ് കാമ്പസിനുള്ളിലാണ് മുടി മുറിച്ചും മനുഷ്യ ചങ്ങല തീർത്തും വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി രാവിലെ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർഥിനി തന്‍റെ തലമുടി മുറിച്ചു. പിന്നാലെ മറ്റു രണ്ടു പെൺകുട്ടികൾ കൂടി തലമുടി മുറിച്ച് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി വൈകിട്ട് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും തീർത്തു.
സിഎംഎസ് കോളജ് ഭാഗത്ത് പെൺകുട്ടികൾക്ക് നേരെയുള്ള ശല്യം പതിവാണെന്നും, നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന കോളജിൽ നിന്നും പെൺകുട്ടികൾക്ക് രാത്രിയും പകലും പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികൾ പ്രതിഷേധം തീർത്തത്.
തിങ്കളാഴ്‌ച രാത്രിയിലാണ് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സന്ദർശിക്കാൻ പോയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും നേരെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്ന് മൂന്നംഗ സംഘം പെണ്‍കുട്ടിയേയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായിട്ടുണ്ട്.
ALSO READ: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു
ഫോട്ടോ പകർത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ: ഇതിനിടെ സിഎംഎസ് കോളജ് റോഡിൽ വച്ച് പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവറായ അജിത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.