കോട്ടയം : ലൈഫ് മിഷൻ അഴിമതിയിൽ കേരള സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം ആളെ പറ്റിക്കാെനന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേന്ദ്ര ഏജൻസികൾക്ക് മുമ്പിൽ മുഖ്യമന്ത്രിയെ വെള്ള പൂശാൻ വേണ്ടി മാത്രമാണ് വിജിലൻസ് അന്വേഷണമെന്നായിരുന്നു എം.ടി രമേശിന്‍റെ ആരോപണം. സ്വയം രക്ഷപെടലാണ് മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. എത്രയൊളിച്ചാലും ലൈഫ് മിഷൻ പദ്ധതി അഴിമതിയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും, ഇതിൽ മുഖ്യമന്ത്രി ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെടുമ്പോഴാണ് മുഖ്യമന്ത്രി പ്രകോപിതനാകുന്നത്. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും, നിലപാടുകൾ അംഗീകരിക്കാത്തവരെയും മനോനില തെറ്റിയവരെന്ന് ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പ്രതിഷേധാർഹമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലീൽ വിഷയത്തിലെ സി.പി.ഐ നിലപാട് സംശയാസ്‌പദമാണ്. മുൻപ് പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ രാജിവച്ചപ്പോഴുണ്ടായിരുന്ന നിലപാടല്ല ജലീൽ വിഷയത്തിൽ സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ സി.പി.ഐക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടന്ന് പറഞ്ഞ എം.ടി രമേശ് സി.പി.ഐ സംസ്ഥാന സെക്രട്ടറി നിലപാട് മാറ്റത്തിലെ കാരണം ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കണമെന്നും പറഞ്ഞു. പരസ്പര വിരുദ്ധ പ്രസ്ഥാവനകളിലൂടെ കെ.ടി.ജലീൽ സ്വയം കുരുക്കിലായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.