കോട്ടയം: സംസ്ഥാന സര്ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഓണക്കിറ്റ് പോലും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാകും ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അരാഷ്ട്രീയം വളര്‍ത്താനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടി ജധിപത്യവിശ്വാസികളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരും വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ നിയമം പാസാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാര്ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും ജനവിരുദ്ധ നയങ്ങളാണ് ഇടത് മുന്നണി തുടരുന്നതെന്നും അതേ സാഹചര്യമാണിപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രമേശ് ചെന്നിതല അഭിപ്രായപ്പെട്ടു. പി.എസ്.സിയുടെ വിശ്വാസ്യതയില്‍ ഇപ്പോഴും തൊഴില്‍ അന്വേഷകര്‍ക്ക് ആശങ്കയാണുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിന് ഇതേ വരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.