കോട്ടയം: ചൈതന്യ കാർഷികമേളയിലേക്ക് എത്തുന്നവരെ പെട്ടന്ന് തങ്ങളിലേക്ക് ആകർഷിപ്പിക്കാൻ കഴിവുള്ള മൂന്ന് പേരുണ്ട് അഥിതികളായി. ഇവരെ കാണുമ്പോഴുള്ള കൗതുകം പിന്നീട് ഇവരുടെ പേര് കേള്‍ക്കുമ്പോള്‍ ഇരട്ടിക്കും. സദ്ദാം, ഹുസൈൻ, ഷെയ്ക്ക് എന്നിങ്ങനെ പേരുകളുള്ള പോത്തുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. പേര് മാത്രമല്ല ഇവരുടെ ഭാരവും ഭക്ഷണ ക്രമവും ഒക്കെ സവിശേഷതയുള്ളതാണ്.
മേനിയഴക് കൊണ്ടും ശരീരഭാരം കൊണ്ടും കരിവീരന്മാര്‍ തോറ്റുപോകും ഇവര്‍ക്ക് മുമ്പില്‍. നാലരവയസുള്ള സദാമിന്‍റെ തൂക്കം 2000 കിലോയാണ്. മെഹ്സന ഇനത്തിൽപ്പെട്ട സദാം മഹാരാഷ്ട്രക്കാരനാണ്. നാല് വയസുള്ള ഹുസൈന്‍റെ ഭാരം 1800 കിലോ. ഹരിയാനക്കാരന്‍ ഷെയ്ക്കിന്‍റെ ഭാരം 1200 കിലോ. ഷാനവാസ് അബ്ദുള്ളയെന്ന തൃശൂർ കാട്ടൂർ സ്വദേശിയുടെ പോത്തുകളോടുള്ള കമ്പമാണ് ഇവരെ കേരളത്തിലെത്തിച്ചത്.
കാലിത്തീറ്റക്കൊപ്പം ബദാം ലേഹ്യം, ആപ്പിൾ, പാല്, മുട്ട, ഈന്തപ്പഴം, അവൽ, വൈക്കോൽ എന്നിങ്ങനെ നീളും ഇവരുടെ ഭക്ഷണക്രമം. പോത്തുരാജക്കാന്മാര സ്വന്തമാക്കാൻ ചെലവാക്കിയതെത്ര എന്ന് പറയാൻ ഷാനവാസ് തയ്യാറല്ല. മാത്രവുമല്ല പോത്തുകളെ വില്‍ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുന്നു.