കോട്ടയം: കേരളത്തിന്‍റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ താമസിക്കുന്ന വീടാണ് കോട്ടയം പേരൂരിലെ പുതുക്കോട്ടയിൽ കുടുംബം. ഒരു ദിവസത്തേക്കെങ്കിലും രാജ്യത്തിന്‍റെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ആകാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് പുതുക്കോട്ടയിലെ ട്വിങ്കിൾ മരിയ ജെയിസൺ എന്ന മിടുക്കി.
അന്താരാഷ്ട്ര ബാലിക ദിനമായ ഒക്ടോബർ 11 നോടനുബന്ധിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷൻ ഇന്ത്യയിലെ 18 മുതൽ 23 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു മിനിറ്റ് പ്രസംഗ മത്സരത്തിൽ 200 ൽ അധികം മത്സരാർഥികളിൽ ഒരാളായിരുന്നു ട്വിങ്കിൾ. തുടർന്ന് കേരള - കർണാടക റീജിയണിലെ മികച്ച 13 മത്സരാർഥികളിൽ ഒരാളായി ട്വിങ്കിൽ തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്‍റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ജെറമി പിൽമോർ ബെഡ്ഫോർഡിന്‍റെ പദവി വഹിക്കാനാണ് ട്വിങ്കിൾ ഉൾപ്പെടെയുള്ള 13 പേർക്ക് അവസരം ലഭിച്ചത്. ഒക്ടോബർ 11 ഞായറാഴ്ചയായതിനാൽ ഒമ്പതാം തീയതി, വെള്ളിയാഴ്ച സ്ഥാനം ഏറ്റെടുത്തു. കോട്ടയം സി എം എസ് കോളജിലെ രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ് ട്വിങ്കിൾ. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ എന്ന പദവിയിലത്തിച്ചതെന്ന് ട്വിങ്കിൽ പറയുന്നു.