തൃശൂര്‍: പെരിഞ്ഞനത്ത് കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ട് ഏഴര വയസുകാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജങ്‌ഷന് സമീപത്തെ പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ, ഭഗത്താണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ പെരിഞ്ഞനം സെൻ്ററിലെ ദേശീയപാതയിലായിരുന്നു അപകടം.
അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോവുന്നതിനിടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്‌കൂട്ടർ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി. തുടര്‍ന്ന്, സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ കയ്‌പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്‌പമംഗലം പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു.
വിദ്യാർഥിനി കുളത്തിൽ മുങ്ങിമരിച്ചു: കുളത്തിൽ, കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു. വയനാട് അമ്പലവയൽ കുമ്പളേരി പഴുവക്കുടിയിൽ വർഗീസിന്‍റെ മകൾ സോന പി വർഗീസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിന് സമീപത്തായുള്ള കുളത്തിൽ കുളിക്കുന്നതിനിടെ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു. ബത്തേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയാണ് മൃതദേഹം
പുറത്തെടുത്തത്. ബത്തേരി സെന്‍റ് മേരീസ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയെ സോന.
ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ജൂലൈ 21നാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവിക്കാട് നന്ദനത്തിൽ പരേതനായ സജി കുമാറിന്‍റെ മകൻ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്ത് 21ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
READ MORE | ബൈക്ക് മതിലിൽ ഇടിച്ചുകയറി 22കാരന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
ബൈക്ക് സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ക് ഷോപ്പിന്‍റെ മതിലിലും ഇടിച്ചായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കും പരിക്കേറ്റു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം രമണി സദനത്തില്‍ മനീഷിന്‍റെ മകൻ അശ്വിൻ മാധവിനാണ് (12) പരിക്കേറ്റത്.
അപകടത്തിൽ ആകാശിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ അശ്വിൻ മാധവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെസിബിയുടെ കൈ ബൈക്കിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം: അടൂർ കൊടുമണിൽ ജെസിബിയുടെ കൈ ബൈക്കിലിടിച്ച് ഏപ്രില്‍ 26ന് വിദ്യാർഥി മരിച്ചിരുന്നു. തേപ്പുപാറ എസ്‌എന്‍ഐടി എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഏഴംകുളം ആറുകാലിക്കല്‍ ഈസ്റ്റ് പുളിമൂട്ടില്‍ വടക്കേതില്‍ അംജിത് മണിക്കുട്ടനാണ് (20) മരിച്ചത്. അംജിത്തിനൊപ്പം ബൈക്കിന് പിന്നിലിരുന്ന സഹപാഠി എ നിതിന് (19) ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്‌ച രാവിലെ അടൂര്‍ - തേപ്പുപാറ - പുതുമല റോഡില്‍ എസ്‌എന്‍ഐടി കോളജിന് സമീപമായിരുന്നു അപകടം. വിദ്യാർഥികൾ കോളജിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. കൊടുമൺ പഞ്ചായത്തിന്‍റെ ജല്‍ജീവന്‍ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡരികിൽ പൈപ്പിടാൻ കുഴിയെടുക്കുകയായിരുന്ന ജെസിബിയുടെ കൈ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു.