കോട്ടയം: പാചകവും നൃത്തവും പാട്ടുമായി ലോക്ക് ഡൗൺ കാലം ചെലവഴിക്കുകയാണ് മലയാളികൾ. വ്യത്യസ്തമായ ഒട്ടനവധി സൃഷ്ടികളാണ് ഈ ലോക്ക് ഡൗൺ കാലത്ത് പിറന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒന്നാണ് ബോട്ടില്‍ ആർട്ട്. കൗതുകത്തിന്‍റെ കൂട്ടുപിടിച്ചാണ് കോട്ടയം കുടമാളൂരിലെ വീട്ടമ്മയായ സിയാന ബോട്ടില്‍ ആർട്ടിലിലേക്ക് കടന്ന് വന്നത്. ആദ്യം ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ ആരംഭിച്ചതാണെങ്കിലും പിന്നീട് പലതരം വർക്കുകൾ ചെയ്ത് കൂടുതല്‍ പരീക്ഷണങ്ങൾ നടത്തുകയാണ് സിയാന.
പ്രകൃതിദത്ത വസ്‌തുക്കൾ, നൂലുകൾ, മെഴുക് എന്നിങ്ങനെ നിരവധി വസ്തുക്കൾ ഉപയോഗിച്ച് കുപ്പികളിൽ മനോഹരമായ വർണങ്ങൾ സിയന തീർത്തു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയ്ന്‍റെ അറിയിപ്പാണ് ആദ്യമായി സിയാന കുപ്പിയില്‍ വരച്ചത്.
അരിയും കാപ്പിപൊടിയും വരെ ഉൾപ്പെടുത്തി കുപ്പികളില്‍ ആർട്ട് വർക്കുകൾ നടത്തി. കുപ്പികൾക്ക് പുറത്ത് വർണ നൂലുകൾ ഇടകലർത്തി ചുറ്റി മറ്റൊരു പരീക്ഷണം. ഓരോ പ്രയത്നങ്ങൾക്കും ഫലപ്രാപ്തിയുണ്ടാകാൻ തുടങ്ങിയതോടെ കൂടുതൽ സമയം ആർട്ടുവർക്കിനായി മാറ്റി വച്ചു തുടങ്ങി. മറ്റ് തിരക്കുകളിലേക്ക് കടന്നാലും കുപ്പികളിൽ ചിത്രപ്പണി ചെയ്യുന്നതിൽ മാറ്റം ഉണ്ടാവില്ലെന്ന് സിയാന പറയുന്നു.
ചിത്രപ്പണികളിൽ സിയാനയുടെ സഹായി മകൾ അഭിലയാണ്. കുപ്പികളിൽ വരക്കുന്ന ചിത്രങ്ങളുടെ ഡിസൈനർ അഭിലയാണ്. ഡിസൈൻ പേപ്പറുകളിൽ വരച്ചു നൽകുന്നത് കൂടാതെ ചിത്രപ്പണികളിൽ അമ്മയ്ക്കൊപ്പം കൂടാനും കുഞ്ഞ് അഭിലയ്ക്ക് വലിയ താത്പര്യമാണ്. സിയന്നയുടെ കലാപരമായ ഈ പ്രവർത്തികൾക്ക് പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ആവശ്യക്കാർക്ക് ചെറിയ തുക ഈടാക്കിയാണ് സിയന തന്‍റെ കലാസൃഷ്ടി കൈമാറുന്നത്. വരുമാനത്തിലുപരി കലാപരമായ ആത്മ സംതൃപ്തിയാണ് തനിക്ക് ലഭിക്കുന്നതെന്നും സിയാന പറയുന്നു.