കോട്ടയം : ശനിയാഴ്‌ച ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ മരിച്ചവരുടെ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കാവാലി ഒറ്റലാങ്കൽ മാർട്ടിന്‍റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
മാർട്ടിൻ (47), മാതാവ് അന്നക്കുട്ടി (65), ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുക. ഇവരുടെ ബന്ധുക്കളുള്ള പാലക്കാടേക്ക് പിന്നീട് മൃതദേഹങ്ങള്‍ കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
അതിനാല്‍ തന്നെ മാര്‍ട്ടിന്‍റെയും കുടുംബത്തിന്‍റെയും സംസ്കാരം ഇന്ന് നടക്കില്ല. അതേസമയം ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ സോണിയ, അലൻ, റോഷ്നി എന്നിവരുടെ മൃതദേഹങ്ങള്‍ ഏന്തയാർ സെന്‍റ് മേരീസ് പള്ളിയില്‍ വൈകിട്ട് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ സരസമ്മയുടെ മകൻ വിദേശത്തുനിന്നും എത്തിയ ശേഷമാകും സംസ്കാരം.
Also Read: കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി ; മഴ ശക്തം, തിരച്ചില്‍ പ്രതിസന്ധിയില്‍
ദുരന്തത്തില്‍ കാണാതായ 12 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഇതില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ഇന്നും മൂന്ന് പേരുടേത് ഇന്നലെയുമാണ് കണ്ടെത്തിയത്. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. എല്ലാവരേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.