കോട്ടയം: നഗരത്തിന്‍റെ തിരക്കുകളില്ലാതെ പുഞ്ചപാടങ്ങൾക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച് കായൽ കാറ്റേറ്റ് ബോട്ട് യാത്ര പോയാലോ. അതും കുറഞ്ഞ ചിലവിൽ. മൂന്ന് മണിക്കൂർ മനം കുളിർക്കുന്ന കാഴ്‌ചകളുമായി ഒരു യാത്ര പോകാൻ പറ്റിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ.
കോട്ടയം കോടിമതയിൽ നിന്നു ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുകയാണ്. കുറഞ്ഞചെലവിൽ വിനോദ യാത്ര നടത്താമെന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകർന്നുള്ള യാത്ര നവ്യാനുഭവമാണ് നൽകുന്നത്. നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ ആശ്രയിച്ച് നിലനിന്നിരുന്ന മേഖല ഇപ്പോൾ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ മുന്നേറ്റത്തിലാണ്.
ടിക്കറ്റ് നിരക്ക് 29 രൂപ: ജലഗതാഗത വകുപ്പിന്‍റെ മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 29 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. കോട്ടയത്ത് നിന്ന് രാവിലെ 6.45, 11.30, ഉച്ചയ്ക്ക് 1, വൈകിട്ട് 3.30, 5.15 എന്നിങ്ങനെയും ആലപ്പുഴയിൽ നിന്ന് രാവിലെ 7.15, 9.30, 11.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 5.15 എന്നിങ്ങനെയാണ് സമയക്രമീകരണം.
ബുക്ക് ചെയ്‌തെത്തുന്നവർ കൂടുതലായതിനാൽ പലപ്പോഴും അഡീഷണൽ സർവീസും നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. മുൻപ് ഒന്നര ലക്ഷം ആയിരുന്നു വരുമാനം ഇപ്പോൾ പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ വരുമാനം മേഖലയിലുണ്ട്. എസി റോഡ്, കുമരകം പാലം തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ടും യാത്രക്കാർ വർധിച്ചു.
വേഗ, അപ് ആൻഡ് ഡക്ക്, വാട്ടർ ടാക്‌സി, ശിക്കാര വള്ളം തുടങ്ങി നൂതന ബോട്ടുകൾ കോട്ടയത്തേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല. അവധിദിവസങ്ങൾ, ക്രിസ്‌മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.