കോട്ടയം: കേരളത്തിൽ കുരുമുളക് ഉല്‌പാദനം കുറഞ്ഞുനിൽക്കുമ്പോഴും വിപണിയിൽ വലിയ വിലയിടിവ്. കിലോയ്ക്ക് 720 രൂപയായിരുന്നത് 480 രൂപയിലേക്ക് കുറഞ്ഞു. കാലാവസ്ഥ വ്യതിയാനവും ഉല്‌പാദന ചെലവിലെ വർധനയും കുരുമുളക് കൃഷിയുടെ ഉല്‌പാദനത്തിൽ വലിയ തോതിൽ കുറവ് ഉണ്ടാകുന്നതായാണ് കർഷകർ പറയുന്നത്.
കുരുമുളക് ഉല്‌പാദനത്തിൽ മികച്ചു നിൽക്കുന്ന സംസ്ഥാനം കർണാടകയാണ്. ഇവിടെയും ഉല്‌പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻപ് ഒരു ലക്ഷം ടൺ വരെ കുരുമുളക് ഉൽപാദിപ്പിച്ചിരുന്ന ഇന്ത്യൻ വിപണിയിൽ 70000 ടൺ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ബാക്കി ആവശ്യത്തിനുള്ള കുരുമുളക് ശ്രീലങ്കയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുകയാണ്.
ഈ സാഹചര്യത്തിലും കുരുമുളകിന് വിപണിയിൽ കുത്തനെ വിലയിടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങളാണ് വിലകുറയാൻ കാരണമെന്ന് കർഷക സംഘങ്ങൾ ആരോപിക്കുന്നു.
ദ്രുതവാട്ടം പോലുളള രോഗങ്ങൾ കേരളത്തിൽ കൃഷിക്ക് വെല്ലുവിളിയാണ്. കൂടാതെ, കൊടിയിൽ തിരി പിടിക്കുന്ന സമയത്തുണ്ടാകുന്ന മഴ, കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഉല്‌പാദനം കുറയുന്നതിനും കാരണമാകുന്നു. കേരളത്തിന്‍റെ തനതായ നാണ്യവിളകൾ സംരക്ഷിക്കാൻ ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.