കോട്ടയം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശ യാത്ര നടത്തി സംസ്ഥാന ഖജനാവ് ധൂർത്തടിക്കുകയാണ്. ഇത് കടകെണിയിലായ കേരളത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
വിദേശ യാത്രകൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളത് മാത്രമാണ്. സംസ്ഥാനത്തിന് ഒരു നേട്ടവും ഈ യാത്ര കൊണ്ട് ഉണ്ടാവുകയില്ല. 2016 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രയ്ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കോട്ടയത്ത് ബിജെപി കോർ കമ്മിറ്റിക്കും ഭാരവാഹി യോഗത്തിനും ശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധിച്ച നടപടി ശരിയല്ലെയെന്നു വരുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പരസ്യമായി പി.എഫ്.ഐ അണികളെ ലീഗും സിപിഎമ്മും സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
സന്ദീപ് വാര്യരെ നീക്കി: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി നീക്കി. എന്നാല്‍ വിഷയത്തില്‍ കെ സുരേന്ദ്രൻ കൂടുതൽ വിശദീകരണം നൽകിയില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ കാരണം പരസ്യപ്പെടുത്തുന്നില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ഭാരവാഹിയോഗത്തിനു രാവിലെ എത്തിയ സന്ദീപ് വാര്യർ തീരുമാനം അറിഞ്ഞതോടെ ഉച്ചയോടെ തിരികെ മടങ്ങി.