കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഡനക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ. പീഡന പരാതിയിൽ കഴമ്പില്ലന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മേൽകോടതികളെ സമീപിച്ചിരുന്ന ബിഷപ്പ് ഹർജികൾ തള്ളിയതോടെയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിനായി നേരിട്ടെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നിരീക്ഷണത്തിൽ പോകണമെന്നിരിക്കെയാണ് പഞ്ചാബിലെ ജലന്തറിൽ നിന്നും വ്യാഴാഴ്ച്ചയെത്തിയ ഫ്രാങ്കോ മുളക്കൽ തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരായതെന്ന് ബിഷപ്പിനൊപ്പം എത്തിയവർ തന്നെ വ്യക്തമാക്കുന്നു.
താന്‍ ജലന്തറിൽ നിരീക്ഷണത്തിലാണന്നും കൊവിഡ് കണ്ടെയ്ൻമെന്‍റ് സോണിലാണ് താനുള്ളതെന്നും ഫ്രാങ്കോ മുളക്കൽ മുമ്പ് വാദഗതികൾ ഉയർത്തിയിരുന്നു. കൂടാതെ കൊവിഡ് പരിശോധന നെഗറ്റീവാണന്ന റിപ്പോർട്ട് ബിഷപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ഫ്രാങ്കോ മുളക്കലിന്‍റെ പരസ്യ നിയമ ലംഘനം.