കോട്ടയം : ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച തലയോലപ്പറമ്പ് സ്വദേശി സിൻസയ്ക്ക് പ്രത്യേകം രൂപകൽപന ചെയ്‌ത ബയോ മെക്കാനിക്കൽ പൊസിഷൻ ചെയർ കൈമാറി. ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ സിൻസയ്ക്ക് ചെയർ സമ്മാനിച്ചു.
എറണാകുളം പീസ് വാലി ഫൗണ്ടേഷനാണ് ചെയർ തയാറാക്കിയത്. സിൻസയുടെ അളവുകൾക്ക് അനുയോജ്യമായ ത്രീഡി മോഡലിങ് അടിസ്ഥാനപ്പെടുത്തിയാണ് പൊസിഷനിങ് ചെയർ നിർമിച്ചത്. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ ഇറക്കുമതി ചെയ്‌ത മെമ്മറി ഫോമുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
Also Read: OMIKRON :'നിലവില്‍ ആശങ്കപ്പെടേണ്ടതില്ല' ; ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
പ്രൊഫഷണൽ വനിതകളുടെ കൂട്ടായ്‌മയായ വിങ്‌സ്, തലയോലപ്പറമ്പിലെ വീ ഫോർ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് 70,000 രൂപ വില വരുന്ന പൊസിഷൻ ചെയർ കൈമാറിയത്. അച്ഛൻ മരിച്ച സിൻസയ്ക്ക് അമ്മയും അനുജനും മാത്രമാണുള്ളത്.
പീസ് വാലി വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, ഭാരവാഹികളായ കെ.എ. മൻസൂർ, ഡോ.എൻ. ഹേന, പി.എ. അജിനാസ് എന്നിവർ സന്നിഹിതരായിരുന്നു.