കോട്ടയം : ഏറ്റുമാനൂർ പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി (Bike accident at Ettumanoor) മീൻവണ്ടിയുടെ അടിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കമ്പിനിമലയിൽ വീട്ടിൽ അനിൽ (പൾസർ കണ്ണൻ – 30), ഇയാളുടെ അമ്മയുടെ അനുജത്തി കിഴതറയിൽ വീട്ടിൽ സിന്ധു (42) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Government Medical College Kottayam) സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഏറ്റുമാനൂർ കിസ്മത്ത് പടിയിലായിരുന്നു അപകടം.
ഏറ്റുമാനൂർ ഭാഗത്തുനിന്നും ബൈക്കിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്നു കണ്ണനും, സിന്ധുവും. ഈ സമയം മുന്നിൽ പോയ ബൈക്കിന്‍റെ പിന്നിൽ കണ്ണന്‍റെ ബൈക്കിന്‍റെ ചക്രങ്ങൾ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മീൻവണ്ടിയുടെ അടിയിലേയ്ക്ക് മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടുപേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അതേസമയം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് കണ്ണനെന്ന് പൊലീസ് പറയുന്നു. വെട്ടിമുകൾ ഭാഗത്ത് കട അടിച്ച് തകർത്തത് അടക്കമുള്ള കേസുകളിൽ ഇയാളെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.