കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന് (ജൂലൈ 13) വൈകിട്ട് മൂന്ന് മണിക്ക് സഭാ ആസ്ഥാനമായ കോട്ടയത്തെ ദേവലോകം അരമനയിൽ നടക്കും. ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു.
പൊതുദർശനം രാവിലെ എട്ട് മണി മുതൽ
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കുര്‍ബാനയ്ക്കു ശേഷം എട്ട് മണിയോടെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി.
കബറടക്കം വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയാകും. രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ദേവലോകത്ത് എത്തിയത്. ദേവലോകത്ത് എത്തിച്ച ഭൗതിക ശരീരം കാതോലിക്കേറ്റ് അരമന ചാപ്പലിലാണു ഇപ്പോഴുള്ളത്.
read more:പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്‌തു
വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്‍റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്‌കാരം നടത്തും.
അന്തിമോപചാരം അർപ്പിച്ച് നിരവധി പേർ
തിങ്കളാഴ്ച (ജൂലൈ 12) രാവിലെ ആറ് മുതല്‍ പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ച പരിശുദ്ധ ബാവായുടെ ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തി. കബറടക്ക ശുശ്രൂഷകളുമായി ബന്ധപ്പെട്ട കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്