കോട്ടയം: നാഗമ്പടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാൾ കൊല്ലപ്പെട്ടു. നാഗമ്പടം ഗുഡ് ഷെഡ് റോഡിലെ റെയിൽവേക്കായി മണ്ണെടുക്കുന്ന സ്ഥലത്താണ് മൂന്ന് മണിയോടെ കൊലപാതകം നടന്നത്. ഒഡിഷ സ്വദേശി ശിശിർ ആണ് മരിച്ചത്. പ്രതിയായ ഒഡിഷ സ്വദേശി രാജേന്ദ്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ സംസാരിക്കുകയും രാജേന്ദ്ര ഗൗഡയുടെ ഭാര്യയെ പറ്റി ശിശിർ മോശമായി പറയുകയും ചെയ്‌തിരുന്നു. ഇതോടെ സംസാരം വക്കേറ്റമായി. വഴക്കിനിടെ ശിശിറിനെ കത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ച് രാജേന്ദ്ര ഗൗഡ പുറകിൽ നിന്നും കഴുത്തിന്‍റെ ഭാഗത്ത് വെട്ടുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റ് തൊഴിലാളികൾ കൊടുത്ത സൂചനയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, ഡിവൈ എസ് പി ജെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.