കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കൽ പി എസ് ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. 92-ാം വയസിലും നൂറുമീറ്റർ സ്പ്രിന്‍റ് പൂർത്തിയാക്കാൻ വേണ്ടത് 21 സെക്കന്‍ഡ്. സീനിയർ സിറ്റിസൺ ആയതിനുശേഷം പങ്കെടുത്ത അത്‌ലറ്റിക് മത്സരങ്ങളിലെല്ലാം തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ചു.
അന്താരാഷ്ട്ര, ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ നിന്നായി 158 മെഡലുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വർണ മെഡലുകൾ തന്നെ. 2016ൽ ഏഷ്യയുടെ ബെസ്റ്റ് അത്‌ലറ്റ് അവാർഡ്, ഹർഡിൽസിൽ പുതിയ ഏഷ്യൻ റെക്കോഡ്, ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ഏഷ്യാഡ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ദേശീയ-സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഇങ്ങനെ നീളുന്നു നേടിയെടുത്ത നേട്ടങ്ങളുടെ പട്ടിക.
ഇഷ്‌ടപ്പെട്ട ഇനം ഹർഡിൽസ് ആണെങ്കിലും ലോങ് ജംപിലും റേസ് ഇനങ്ങളിലും ജോണ്‍ മത്സരിക്കും. ഈ നേട്ടങ്ങളെല്ലാം കീഴടക്കിയത് 87-ാം വയസിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാളാണ് എന്നതാണ് ഏറെ അത്‌ഭുതകരം. ബെസ്റ്റ് സ്‌പോർട്‌സ്‌മാൻ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ വയോസേവന അവാർഡും ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ് ഇപ്പോൾ.
ജീവിതത്തിൽ ഏറ്റവും ആഘോഷിക്കപ്പെടേണ്ടത് വാർധക്യ കാലമാണെന്നാണ് ജോണിന്‍റെ അഭിപ്രായം. '50-55 വയസിലാണ് മനുഷ്യന്‍റെ ജീവിതം പൂർണതയിലേക്കെത്തുന്നത്. ആ സമയം വിലപിക്കാനുള്ളതല്ല' അദ്ദേഹം പറയുന്നു. കുട്ടിക്കാലം മുതൽ സ്‌പോർട്‌സ് ഇനങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകനായതോടെ സ്‌പോർട്‌സ് ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സജീവ കായിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
2019 ൽ കായിക ദിനത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്നും ആദരം ഏറ്റുവാങ്ങിയിരുന്നു. അതിരാവിലെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജ് ഗ്രൗണ്ടിൽ രണ്ടു മണിക്കൂറിലധികം നീളുന്ന പരിശീലനത്തിൽ നിന്നാണ് പി എസ് ജോണ്‍ എന്ന ഈ അത്‌ലറ്റിന്‍റെ ഒരു ദിവസം ആരംഭിക്കുന്നത്. പരിശീലനം കഴിഞ്ഞാൽ സ്വന്തം കൃഷിയിടത്തിൽ പണികളിലേർപ്പെടും.
നാടൻ ഭക്ഷണമാണ് ഏറെ ഇഷ്‌ടം. സ്‌പോർട്‌സും കൃഷിയും കഴിഞ്ഞാൽ ഇഷ്‌ട വിനോദം വായനയാണ്. കാലിനേറ്റ പരിക്കു കാരണം കഴിഞ്ഞ ആഴ്‌ച നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാനായില്ലെന്ന വിഷമത്തിലാണ് അദ്ദേഹം.
ഭാര്യ അന്നമ്മ ജോണിനും മകൻ റോയ് മട്ടയ്ക്കലിനും കുടുംബത്തോടുമൊപ്പമാണ് താമസം. മകൾ സിന്ധു സേവ്യർ. ഇന്ന് (ഒക്ടോബർ 1) തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജന ദിനാഘോഷ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽ നിന്ന് ബെസ്റ്റ് സ്‌പോർട്‌സ്‌മാൻ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങും.