കോട്ടയം: മൂവാറ്റുപുഴയിൽ അഞ്ച് വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിന് ഇരയായത്. മെഡിക്കൽ റിപ്പോർട്ട് മൂവാറ്റുപുഴ പൊലീസിന് കൈമാറും.
വയർ വീർത്തുവരികയും വേദനയനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പോകുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാപിതാക്കള്‍ വിശദീകരിച്ചത്. കുട്ടി സൈക്കിളിൽ നിന്ന് വീണിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. കഴിഞ്ഞ മാസം 27നാണ് മാതാപിതാക്കൾ കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സ്ഥിതി ഗുരുതരമായതോടെ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ കുടലിൽ മുറിവുകളുള്ളതായി വ്യക്തമായി. അടിയന്തര ശസ്ത്രക്രിയക്കായി നടത്തിയ കൂടുതൽ പരിശോധനയിലാണ് പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.
ലൈംഗിക അവയവങ്ങളിൽ മാരകമായ ക്ഷതമേറ്റിട്ടുണ്ട്, മൂര്‍ച്ചയുള്ള വസ്തു കൊണ്ടുള്ള പരിക്ക് വ്യക്തമാണ്. കുട്ടിയുടെ മലദ്വാരത്തിലും രഹസ്യ ഭാഗത്തുമുള്ള മുറിവുകൾ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റതല്ലെന്നും കണ്ടെത്തി.കൂടാതെ കുട്ടിയുടെ കാലും കൈയും ഏറെ നാൾ മുമ്പ് ഒടിഞ്ഞിരുന്നതായും കണ്ടെത്തി. ശരീരത്തിൽ മുറിവുകള്‍ ഉണങ്ങിയ പാടുകളുമുണ്ട്. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നൽകിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.
കുട്ടിയുടെ ആരോഗ്യനില പൂർണ സ്ഥിതിയിൽ എത്തിയതായി ബോർഡ് വിലയിരുത്തി. അതേ സമയം കുട്ടിയുടെ പൂര്‍ണ എക്സറേ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടതായാണ് ഡോക്ടർമാരുടെ നിഗമനം.