കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍സ്‌പെക്‌ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്‌തു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ കോയിക്കൽ കുഴിയിൽ എം അരുണിനെയാണ് (30) റിമാന്‍ഡ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി 10 മണിക്കാണ് ഇയാളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കോട്ടയം മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുള്ള ട്രൈബൽ പ്രമോട്ടർമാർക്ക് അനുവദിച്ചിട്ടുള്ള ഓഫിസ് കേന്ദ്രീകരിച്ചാണ് അരുണ്‍ തട്ടിപ്പ് നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ യൂണിഫോം ധരിച്ച് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കി.
തട്ടിപ്പിനിരയായ കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആരോഗ്യ വകുപ്പിൽ ക്ലാർക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 6,70,000 രൂപ ഇയാളില്‍ നിന്ന് അരുണ്‍ തട്ടിയെടുത്തു. പണം കൈമാറിയിട്ടും ജോലി ലഭിക്കാത്തതോടെ താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പ് നേരത്തെയും: കഴിഞ്ഞ രണ്ട് വര്‍ഷമായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം, മെഡിക്കൽ കോളജ് ട്രൈബൽ സേവന കേന്ദ്രം എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഹെൽത്ത് ഇൻസ്പെക്‌ടറുടെ യൂണിഫോം, ഐഡി കാർഡ്, ഓഫിസ് സീൽ എന്നിവ ഉപയോഗിച്ചാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയത്. 2016ല്‍ ജോലി വാഗ്‌ദാനം ചെയ്‌ത് അടൂര്‍ ഏനാത്ത് സ്വദേശികളില്‍ നിന്ന് ആറ് ലക്ഷം രൂപ ഇയാള്‍ തട്ടിയിട്ടുണ്ട്.
പുനലൂർ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്‍റെ പേരിൽ വ്യാജ ലെറ്റർ പാഡും സീലും നിർമിച്ച് വ്യാജ രേഖ ചമച്ചും ഇയാള്‍ തട്ടിപ്പ് നടത്തി. 2020ല്‍ തിരുവനന്തപുരം പേട്ടയില്‍ ആനയെ ചികിത്സിക്കുന്നയാള്‍ എന്ന വ്യാജേനയെത്തി പണം തട്ടിയ കേസും നിലവിലുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ പിടിയില്‍: ജോലിക്കിടെ കൈക്കൂലി വാങ്ങിയ ഇലക്‌ട്രിക് ഇന്‍സ്‌പെക്‌ടര്‍ അറസ്റ്റില്‍. എക്‌സിക്യൂട്ടിവ് എഞ്ചിനിയറായ കെ.കെ സോമനാണ് വിജിലന്‍സ് പിടിയിലായത്. ഇന്നലെയാണ് സംഭവം.
എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് സംഭവം. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.
കൈക്കൂലിക്കെതിരെ പരിശോധന ശക്തം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളില്‍ നിന്ന് വന്‍ തോതില്‍ കൈക്കൂലി കൈപ്പറ്റുന്ന വാര്‍ത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത് ഏതാനും ദിവസം മുമ്പാണ്. വി.സുരേഷ് കുമാറാണ് ജോലിക്കിടെ അറസ്റ്റിലായത്.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ചും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.