കോട്ടയം: പോളശല്യം രൂക്ഷമായതോടെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ. ജലപാതയിൽ പോളയും പുല്ലും നിറഞ്ഞതോടെ നിലവിൽ ഏറെ പണിപ്പെട്ടാണ് ബോട്ടുകള്‍ സർവീസ് നടത്തുന്നത്. പോള നീക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലന്നാണ് ജീവനക്കാരുടെ പരാതി.
കോടിമത ജെട്ടിയിലും പള്ളം ബ്ലോക്കിലുമാണ് യാത്ര ഏറ്റവുമധികം ദുഷ്കരം. പുല്ലും പോളയും പ്രൊപ്പല്ലറിൽ കുരുങ്ങുന്നത് മൂലം ഇടയ്ക്ക് ബോട്ട് നിന്ന് പോകുന്ന അവസ്ഥയാണ്. പോള തിങ്ങിനിറഞ്ഞതിനാൽ കോടിമത ജെട്ടിയിലും ബോട്ട് അടുപ്പിക്കുന്നത് പാടുപെട്ടാണ്.
നിലവിൽ മൂന്ന് സർവിസാണ് കോടിമതയിൽ നിന്നും നടത്തുന്നത്. കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാൻ വിനോദ സഞ്ചാരികളും ബോട്ട് സർവീസ് പ്രയോജനപ്പെടുത്തുന്നുണ്ട്. സർവീസുകള്‍ വൈകുന്നതിനാൽ സഞ്ചാരികളും, യാത്രക്കാരും ബോട്ട് യാത്രയിൽ നിന്ന് അകലുമെന്ന ആശങ്കയുണ്ടന്നും ജീവനക്കാർ പറയുന്നു.
ALSO READ അയ്‌മനം മാതൃക ടൂറിസം ലോകനെറുകയിലേക്ക്; കൊണ്ടേ നാസ്റ്റ് ട്രാവലർ പട്ടികയിലും അയ്‌മനം