കോട്ടയം : ആലപ്പുഴ- കോട്ടയം ജലപാതയിൽ പോള ശല്യം രൂക്ഷമായതോടെ ബോട്ട് സര്‍വീസ് പ്രതിസന്ധിയിലായി. കോട്ടയം - ആലപ്പുഴ ജലപാതയിൽ കോടിമത മുതൽ വെട്ടിക്കാട് വരെയാണ് പോള നിറഞ്ഞത്. പ്രതിസന്ധിയ്‌ക്ക് സ്ഥിരം പരിഹാരം വേണമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
പള്ളം കായലിലും പോള ശല്യം രൂക്ഷമായിരിക്കുകയാണ്. പോള കൂടിയത് ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വരുമാനം കുറഞ്ഞതിനൊപ്പം പോള കുരുങ്ങി ബോട്ടിന് തകരാറും പതിവായിരിക്കുകയാണ്.
തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ അടച്ചതോടെയാണ് മറ്റ് ജല സസ്യങ്ങളും വർധിയ്ക്കാന്‍ ഇടയായത്. ഇതിനൊപ്പം തടിക്കഷണങ്ങളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഉപയോഗ ശൂന്യമായിരിക്കുന്നു. കാർഷിക മേഖലയെയും പോളശല്യം ഗുരുതരമായി ബാധിച്ചു.
വർഷാവർഷങ്ങളിൽ ഉണ്ടാവുന്ന പോള ശല്യം തീർക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. പോള ശല്യം, ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് ജലഗതാഗത വകുപ്പ് അസിസ്‌റ്റന്‍റ് സ്റ്റേഷൻ ഇൻസ്പെക്‌ടർ നജീബ് പറഞ്ഞു.
പോള കോരി നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം എല്ലാ വിഭാഗം ജനങ്ങൾക്കും ഇത് തിരിച്ചടിയാകും.