പുതുപ്പളളി തെരഞ്ഞെടുപ്പ് അടുക്കവേ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ മണ്ഡലത്തില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയും, മകനും ബിജെപി ദേശീയ വക്താവുമായ അനില്‍ ആന്‍റണിയും അവരവരുടെ പാര്‍ട്ടികള്‍ക്കായി പ്രചാരണ പരിപാടികള്‍ക്ക് എത്തുന്നത് കേരളക്കരയ്‌ക്ക് അപൂര്‍വ കാഴ്‌ചയാണ് സമ്മാനിക്കുന്നത് (AK Antony And Anil Antony IN Puthuppally). യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് വേണ്ടി ഏകെ ആന്‍റണി ഇന്ന് പുതുപ്പളളിയില്‍ എത്തുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിനൊപ്പം പുതുപ്പളളിയില്‍ അനില്‍ ആന്‍റണി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
83കാരനായ എകെ ആന്‍റണി പുതുപ്പളളി മണ്ഡലത്തില്‍ രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പുറമെ വീടുകളും കടകളും തോറുമുളള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അനില്‍ ആന്‍റണിയും പങ്കെടുക്കുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന മത്സരം ചാണ്ടി ഉമ്മനും ജെയ്‌ക്ക് സി തോമസും തമ്മിലാണെങ്കിലും തങ്ങളുടെ മികച്ചത് തന്നെ പുറത്തെടുക്കാനാവും ബിജെപിയുടെ ശ്രമം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 4000 വോട്ടുകളില്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ അത് 10,000ല്‍ എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസം തന്നെയായിരിക്കും ഇത്തവണയും അവരെ പുതുപ്പളളി തെരഞ്ഞെടുപ്പില്‍ മുന്നോട്ടുനയിക്കുക.
2016ലെ തെരഞ്ഞെടുപ്പിലെ 27,902 വോട്ടില്‍ നിന്നും 2021ലെ തെരഞ്ഞെടുപ്പില്‍ 9,044 വോട്ടായി ഉമ്മന്‍ ചാണ്ടിയുടെ വിജയം കുറഞ്ഞിരുന്നു. അതിനാല്‍ തന്നെ തങ്ങളുടെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മത്സരിച്ചുളള പ്രചാരണ പരിപാടികള്‍ തന്നെയായിരിക്കും ഏകെ ആന്‍റണിയും മകന്‍ അനില്‍ ആന്‍റണിയും പുതുപ്പളളി മണ്ഡലത്തില്‍ കാഴ്‌ചവയ്‌ക്കുക. ആറ് പതിറ്റാണ്ടിലധികം കാലം ആത്മബന്ധമുണ്ടായിരുന്ന തന്‍റെ പ്രിയ സുഹൃത്തും സഹോദര തുല്യനുമായ ഉമ്മന്‍ ചാണ്ടിയുടെ മകന് ഉജ്ജ്വലമായ വിജയം തന്നെ പുതുപ്പളളിയില്‍ കൈവരിക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാകും ഏകെ ആന്‍റണി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുക.
പുതുപ്പള്ളിയിൽ ഇന്ന് വൈകിട്ട് നാലിനും അയർക്കുന്നത്ത് ആറ് മണിക്കുമുളള പൊതു സമ്മേളനങ്ങളിലാണ് ഏകെ ആന്‍റണി പങ്കെടുക്കുക. അതേസമയം അച്ചനും മകനും വ്യത്യസ്‌ത പാർട്ടികൾക്ക് വേണ്ടി പ്രചരണത്തിനിറങ്ങുന്നതിൽ അസാധാരണത്വം ഒന്നുമില്ലായെന്ന് ആണ് അനിൽ ആന്റണി പുതുപ്പളളിയില്‍ എത്തിയ ശേഷം പ്രതികരിച്ചത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നും ഏത് രാഷ്‌ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട് എന്നും അനില്‍ ആന്‍റണി പറയുന്നു. മോദി സർക്കാരിന്‍റെ വികസന രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായാണ് താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും അനിൽ ആന്‍റണി പറയുന്നു. വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരമെന്നും അനിൽ ആന്‍റണി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ എപ്രില്‍ ആറാം തിയതി ആയിരുന്നു അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലായിരുന്നു അനില്‍ ആന്‍റണിയുടെ പാര്‍ട്ടി പ്രവേശനം. ബിജെപിയില്‍ എത്തിയതിന് പിന്നാലെ ബിജെപി രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കുന്നു എന്നും കോണ്‍ഗ്രസ് ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നു എന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. സ്ഥാനമാനങ്ങള്‍ക്കായല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവര്‍ത്തിക്കുമെന്നുമാണ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അനില്‍ ആന്‍റണി ബിജെപി ദേശീയ ആസ്ഥാനത്ത് വച്ച് പറഞ്ഞത്.ദേശീയ സെക്രട്ടറിയായി നിയമിച്ച അനില്‍ ആന്‍റണിക്ക് ഇക്കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ വക്താവായി സ്ഥാനക്കയറ്റം നല്‍കിയത്.
മകന്‍റെ ബിജെപി പ്രവേശനത്തിന് പിന്നാലെ അനിലിന്‍റെ തീരുമാനം വേദനാജനകമാണെന്നും മരണം വരെയും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നായിരുന്നു ഏകെ ആന്‍റണിയുടെ പ്രതികരണം. ബിജെപിയില്‍ ചേരാനുളള മകന്‍റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അനില്‍ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എകെ ആന്‍റണി വ്യക്തമാക്കുകയുണ്ടായി.
1970 മുതല്‍ അമ്പത് വര്‍ഷത്തിലധികം പുതുപ്പളളി നിയമസഭ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പളളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നത്. സെപ്‌റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പുണ്ടാവുക. ഈ മാസം എട്ടിന് വോട്ടെണ്ണൽ നടത്തും. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് തോറ്റെങ്കിലും പുതുപ്പളളിയില്‍ ഭൂരിപക്ഷം കൂട്ടാന്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജയ്‌ക്ക് സി തോമസിന് കഴിഞ്ഞിരുന്നു.
വിജയപ്രതീക്ഷയുമായി പുതുപ്പളളിയില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്ന ജെയ്ക്കിന് ശക്തനായ എതിരാളിയായി ചാണ്ടി ഉമ്മന്‍ മാറിയേക്കും. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ വിജയ പ്രതീക്ഷയിലാണ് പുതുപ്പളളിയില്‍ മത്സരരംഗത്തുളള സ്ഥാനാര്‍ഥികള്‍ എല്ലാവരും തന്നെയുളളത്. മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുന്ന വിവിധ പാര്‍ട്ടികളിലെ നേതാക്കളുടെ വരവും പുതുപ്പളളിയിലെ ഇലക്ഷന്‍ റിസള്‍ട്ടില്‍ നിര്‍ണായകമാവും.
എകെ ആന്‍റണിക്കും അനില്‍ ആന്‍റണിക്കും പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ ഇന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, വി.ഡി സതീശൻ, മന്ത്രിമാരായ കെ.രാധാകൃഷ്‌ണൻ, എംബി രാജേഷ്, സജി ചെറിയാൻ, വീണാ ജോർജ് എന്നിവർ നാളെയും പുതുപ്പളളിയില്‍ എത്തും.