കോട്ടയം: എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകൻ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം കെ.എം അരുൺ ആണെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. വ്യാഴാഴ്‌ച നടന്ന എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷമുണ്ടാകുന്നത്.
ഇത്തരം അക്രമ സംഭവങ്ങളിൽ നിന്ന് എസ്എഫ്ഐ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി. കബീർ പറഞ്ഞു. സംഘപരിവാർ മനസുള്ള ക്രിമിനലുകൾ കോട്ടയത്തെ എസ്എഫ്ഐയിൽ കയറിക്കൂടിയിട്ടുണ്ട്. ഇവരെ നിലക്ക് നിർത്തണം. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്നും പി.കബീർ പറഞ്ഞു.
കെ.എസ്.യു പ്രവർത്തകർ എസ്എഫ്ഐയുടെ ഭീഷണിയെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്നും വിദ്യാർഥി സഖാക്കൾക്ക് ക്രൂരമായ മർദനമേറ്റിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാൻ എസ്എഫ്ഐ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും പി.കബീർ ആരോപിക്കുന്നു.
സഖാക്കളെ മർദിച്ചത് ചോദ്യം ചെയ്ത വനിത നേതാവിന് നേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ അസഭ്യവർഷം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും പി. കബീർ പറഞ്ഞു.
Also Read: എം.ജി സംഘര്‍ഷം; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്