കോട്ടയം: കൊവിഡ് 19 പ്രതിരോധത്തിനായുള്ള നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ജില്ലയിൽ സാംക്രമിക രോഗങ്ങൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന ആഹ്വാനവുമായി ജില്ലാ ഭരണകൂടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. ജീർണിത മാലിന്യങ്ങൾ ജൈവ മാലിന്യ സംസ്കരണ രീതിയിൽ സംസ്കരിക്കണമെന്നും അജീർണ മാലിന്യങ്ങൾ വൃത്തിയാക്കി ചാക്കിൽ കെട്ടി സൂക്ഷിക്കാനും നിർദേശമുണ്ട്.
ജില്ലയിലെ മാലിന്യ സംസ്‌കരണത്തിന് ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മാലിന്യ സംസ്കരണത്തിനും സാംക്രമിക രോഗങ്ങൾ തടയുന്നതിനുമായുള്ള ജില്ലാ ഭരണകൂടത്തിന്‍റെ പുതിയ മാർഗ നിർദേശങ്ങൾ. വീടുകളിലെ ജല സംഭരണികൾ വൃത്തിയായി സൂക്ഷിക്കണമെന്നും, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണമായും ഇല്ലാതാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മാസ്ക്, ഗ്ലൗസ്, ഗംബൂട്ട് തുടങ്ങിയ വ്യക്തിഗത സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.