കോട്ടയം: നടൻ വിനോദ് തോമസിന്‍റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ഫോറൻസിക് വിഭാഗവും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ കാറിൽ തകരാർ കണ്ടെത്താൻ കഴിഞ്ഞില്ല. വിദഗ്‌ധരായ മെക്കാനിക്കൽ എൻജിനീയർമാരെ എത്തിച്ച് കാർ പരിശോധിക്കുമെന്ന്
പൊലീസ് അറിയിച്ചു.
അതേസമയം, വിനോദിന്‍റെ സംസ്‌കാരം ഇന്ന് 2:00 മണിക്ക് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്‌മശാനത്തിൽ നടക്കും. നവംബർ 18-ാം തിയതിയാണ് നടൻ വിനോദിനെ (47) മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാറിൽ കയറി ഏറെ നേരമായിട്ടും വിനോദ് പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷ ജീവനക്കാരനെത്തി പരിശോധിച്ചപ്പോഴാണ് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്വന്തമായി എഴുതിയ കഥയുടെ പ്രീപ്രൊഡക്ഷൻ കഴിഞ്ഞ് സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിനോദ് തോമസിന്‍റെ അപ്രതീക്ഷിത മരണം. പൃഥ്വിരാജിനൊപ്പം വിലായത്ത് ബുദ്ധയിൽ അഭിനയിച്ചു വരികയായിരുന്നു.
Also read: കലയ്‌ക്ക് വേണ്ടി ജീവിതം അർപ്പിച്ച നടൻ; വിനോദ് തോമസിന്‍റെ ഓർമകളിൽ സുരഭി ലക്ഷ്‌മി
വിനോദ് തോമസിന്‍റെ ഓർമകളിൽ സുരഭി ലക്ഷ്‌മി: അന്തരിച്ച നടൻ വിനോദ് തോമസിനെ ഓർത്ത് അഭിനേത്രി സുരഭി ലക്ഷ്‌മി. വിനോദിന്‍റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു വിനോദ് എന്നും സുരഭി ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിതം കലയ്‌ക്ക് വേണ്ടി അർപ്പിച്ച വിനോദ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ വിടവാങ്ങി എന്നും സുരഭി കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി..... 'കുറി' എന്ന സിനിമയിൽ എന്‍റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്.
പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്‍റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ......
"mam" എന്നല്ലാതെ എന്‍റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭിന്ന് വിളിച്ചാമതി മതിന്ന്. അപ്പോൾ സാഗർ സൂര്യ പറഞ്ഞു, ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ, തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.
അതല്ല സ്‌ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്‍റെ സ്വപ്‌നവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്‍റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്‍റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്‍റെ "കല"ക്ക് വേണ്ടിയാണ്....." അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ......'- സുരഭി കുറിച്ചു.