കോട്ടയം: ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജിനെതിരെ പ്രത്യക്ഷ ആരോപണവുമായി പാർട്ടിയിലെ തന്നെ ഒരു വിഭാഗം. ഫ്രാൻസിസ് ജോർജിന്‍റെ ജോസഫ് വിഭാഗവുമായുള്ള ലയനം കൂടിയാലോചനകളില്ലാതെ നടത്തിയ പ്രഖ്യാപനമാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം. പാർട്ടി വർക്കിങ് ചെയർമാൻ കെ.സി ജോസഫ്, ആന്‍റണി രാജു ഉൾപ്പെടെയുള്ള മുതിർന്ന ഒരു വിഭാഗം നേതാക്കളാണ് ഫ്രാൻസിസ് ജോർജിന്‍റെ നീക്കത്തെ എതിർത്ത് രംഗത്തെത്തിയത്.
ഫെബ്രുവരി 22ന് നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും മാർച്ച് നാലാം തീയതി നടത്തിയ പരസ്യ പ്രസ്ഥാവനയിലും ജനാധിപത്യ കേരളാ കോൺഗ്രസ് ഇടത് പക്ഷം വിടില്ലെന്നും ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തിനില്ലെന്നും വ്യക്തമാക്കിയ ഫ്രാൻസിസ് ജോർജ് പിന്നീട് നിലപാട് മാറ്റിയിരുന്നു. എൽഡിഎഫ് വിടുമെന്നും ജോസഫ് വിഭാഗത്തിൽ ചേരുമെന്നുമുള്ള ഫ്രാൻസിസ് ജോർജിന്‍റെ പ്രസ്ഥാവന സേച്ഛാധിപത്യപരവും വഞ്ചനാപരവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്നും നേതാക്കൾ ആരോപിച്ചു.
22ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം 14ന് കോട്ടയത്ത് വീണ്ടും ചേരാനാണ് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തെ അട്ടിമറിച്ച് 13ന് മൂവാറ്റുപുഴയിൽ പ്രത്യേക യോഗം ചേരുന്നത് ഗ്രൂപ്പ് യോഗം മാത്രമാണന്നും ഇവർ വ്യക്തമാക്കി. ജോസഫ് ഗ്രൂപ്പുമായി ചേരാനുള്ള തീരുമാനത്തിലൂടെ ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് പുറത്ത് പോയെന്നും ഇവർ കോട്ടയത്ത് പറഞ്ഞു. മുൻ തീരുമാനപ്രകാരം 14ന് കോട്ടയത്ത് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും ഇവര്‍ വ്യക്തമാക്കി. ഫ്രാൻസിസ് ജോർജിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് പിന്നാലെ ജനാധിപത്യ കേരളാ കോൺഗ്രസും പിളർപ്പിലേക്കെന്നാണ് സൂചന.