കോട്ടയം: കഴിഞ്ഞ ദിവസത്തെ ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തിനിടെ ഗാലറിയില്‍ ഇന്ത്യക്ക് വേണ്ടി ആര്‍പ്പുവിളിച്ച മുത്തശി ശ്രദ്ധാകേന്ദ്രമായിരുന്നു. ഇംഗ്ലണ്ടില്‍ പോയി കളി കാണാനായില്ലെങ്കിലും ഇങ്ങ് വീട്ടിലിരുന്ന് അതുപോലെ ആര്‍പ്പുവിളിക്കുന്ന ഒരു മുത്തശിയുണ്ട് രാമപുരത്ത്. ക്രിക്കറ്റിന്റെ കടുത്ത ആരാധികയാണ് എഴുപത്തിയൊമ്പതുകാരിയായ സാവിത്രി അന്തര്‍ജനം.
കോട്ടയം രാമപുരം കല്ലമ്പള്ളി ഇല്ലത്തെ സാവിത്രി അന്തര്‍ജനമാണ് പ്രായമേറെ ചെന്നെങ്കിലും കായിക ആവേശം ഒട്ടും ചോരാത്ത മനസുമായി മത്സരങ്ങള്‍ കാണുന്നത്. പ്രായമേറിയ അമ്മമാര്‍ സീരിയലുകളിലും സിനിമകളിലും സമയം ചെലവഴിക്കുമ്പോള്‍ സാവിത്രി അന്തര്‍ജനത്തിന് മനസ് നിറയെ ക്രിക്കറ്റാണ്. ഇംഗ്ലീഷും ഹിന്ദിയും അത്ര പരിചയമില്ലെങ്കിലും കളിക്കാരെ ഒക്കെ നല്ല പരിചയാണ് സാവിത്രിയമ്മക്ക്.
അടുത്തകാലത്ത് തുടങ്ങിയതല്ല സാവിത്രിയമ്മയുടെ ക്രിക്കറ്റ് ആവേശം. വീട്ടില്‍ ടി വി വരുന്നതിന് മുന്‍പേ തന്നെ റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ക്രിക്കറ്റിനെ അടുത്തറിയാന്‍ തുടങ്ങിയതാണ് ഈ അമ്മ. 83 ലെ കപില്‍ ദേവിന്റെ ലോകകപ്പും പാകിസ്താനെതിരെ അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടവും സാവിത്രിയമ്മക്ക് നല്ല തിട്ടമാണ്. യുവരാജിന്റെ സിക്‌സര്‍ പ്രകടനവും ട്വന്‍റി-20 മത്സരങ്ങളും ഓര്‍ത്തെടുക്കാന്‍ സാവിത്രി അന്തര്‍ജനത്തിന് ഒരു താമസവുമില്ല. ഭാഷാപരിചയമില്ലെങ്കിലും ക്രിക്കറ്റിന്റെ നിയമങ്ങളെല്ലാം സാവിത്രിയമ്മക്ക് നിശ്ചയമുണ്ട്. ഇന്ത്യന്‍ടീമിനോടുള്ള ഇഷ്ടത്തിനൊപ്പം മറ്റ് ടീമുകളുടെ കളികളും കാണും. ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോള്‍, ടെന്നീസ് , ഹോക്കി തുടങ്ങി എല്ലാ കളികളും ടീവിയില്‍ കാണാന്‍ ശ്രമിക്കാറുണ്ട്.
ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും കളി കാണുന്നതിന് അതൊന്നും സാവിത്രിയമ്മക്ക് തടസ്സമല്ല. മത്സരത്തിനിടെ, മക്കളുടെയും ചെറു മക്കളുടെയും സംശയദുരീകരണവും അമ്മയോടാണ്. ക്രിക്കറ്റ് കളി ടിവി യില്‍ ഉള്ള ദിവസം അന്ന് വീട്ടില്‍ സീരിയലും ഇല്ല സിനിമയും ഇല്ല എല്ലാവരും ക്രിക്കറ്റ് കണ്ടോണം. അതാണ് അവസ്ഥ. ഇനി കളി കാണാന്‍ കറന്റും കേബിളും സമ്മതിച്ചില്ലെങ്കില്‍ പിറ്റേന്ന് രാവിലെ പത്രവാര്‍ത്ത കൊണ്ട് തൃപ്തിയടയും സാവിത്രിയമ്മ. ഈ ലോകകപ്പില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് സാവിത്രി അന്തര്‍ജനത്തിന് ഉത്തവുമുണ്ട്. ആരോഗ്യം സമ്മതിക്കുമെങ്കില്‍ അടുത്ത ഇന്ത്യയുടെ മാച്ച് നേരില്‍ കാണണമെന്നാണ് സാവിത്രിയമ്മയുടെ ആഗ്രഹം.