കൊല്ലം: കുടുംബ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്‍മാർ ചേർന്ന് മൂത്ത സഹോദരന്‍റെ വീട് ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ മൂത്ത സഹോദരനും ഭാര്യക്കും പരിക്കേറ്റു. മുളവന കരിപ്പുറം തേക്കടത്ത് വീട്ടിൽ അനിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. അനിയുടെ ഇളയ സഹോദരന്മാരാണ് രാത്രിയിൽ വീട് ആക്രമിച്ചത്.
കുടുംബ സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീട് ആക്രമിക്കാൻ കാരണമെന്ന് അനി പറയുന്നു. രാത്രി 11 മണിയോടെ ആയുധങ്ങളുമായി വന്ന സഹോദരന്മാർ അനിയുടെ വീടിന്‍റെ ഗെയ്റ്റ് തകർത്താണ് വീട്ടു മുറ്റത്തേക്ക് പ്രവേശിച്ചത്. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസും വീടിന്‍റെ ജനൽ ചില്ലുകളും ഇവർ അടിച്ചു തകർത്തു. അക്രമം തടയാനായി വീടിന് പുറത്തിറങ്ങിയ അനിക്കും ഭാര്യക്കും പരിക്കേറ്റു. കൈകൾക്ക് പരിക്കേറ്റ ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വീട്ടുടമസ്ഥനായ അനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.