കൊല്ലം: അമ്മയേയും കുട്ടിയേയും മര്‍ദിക്കുന്നുവെന്ന് ഫോണ്‍ വഴി ലഭിച്ച പരാതി അന്വേഷിക്കാന്‍ എത്തിയ എസ്ഐ അടങ്ങുന്ന പൊലീസ് സംഘത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയില്‍. കൊല്ലം അഞ്ചല്‍ അറയ്ക്കല്‍ ലക്ഷ്‌മി വരം വീട്ടില്‍ അജേഷ് (35) ആണ് അറസ്റ്റിലായത്. ഇയാൾ ഭാര്യയേയും കുട്ടിയേയും ഉപദ്രവിക്കുന്നുവെന്നും കത്രിക വച്ച് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അറയ്ക്കലില്‍ എത്തിയത്.
ഈ സമയം കയ്യില്‍ കത്രികയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജേഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഇയാള്‍ വീട്ടില്‍ നിന്ന് വെട്ടുകത്തിയുമായി എത്തി എസ്ഐ പ്രജീഷ് കുമാറിനെ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുപ്രാവശ്യം വെട്ടാൻ ശ്രമിച്ചെവെങ്കിലും എസ്ഐ മാറിയതിനാല്‍ വെട്ടേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ റാഫിയെ ചവിട്ടി വീഴ്ത്തിയ അജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ജോസഫിനെ നെഞ്ചിലും കൈയിലും കടിച്ചും പരിക്കേല്‍പ്പിച്ചു.
പിന്നീട് കൂടുതല്‍ പൊലീസ് സംഘം എത്തി ബലപ്രയോഗത്തിലൂടെയാണ് അജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ക്കെതിരെ കൊലപാതകശ്രമം, പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ റാഫി, അരുണ്‍ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.