കൊല്ലം : മലയാളത്തിന്‍റെ പ്രിയപ്പെട്ട താരരാജാക്കന്മാർക്ക് പുറമേ യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി കൊല്ലത്തെ യുവസംരംഭകൻ. കരുനാഗപ്പള്ളി സ്വദേശി നിജോ സോമനാണ് യുഎഇ ഗവൺമെന്‍റിന്‍റെ പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ എന്ന അഭിമാനനേട്ടം കൈവന്നത്.
എഞ്ചിനീയറിങ് പഠനത്തിന് ശേഷം 2010 നവംബറിൽ യുഎഇയിൽ എത്തിയ നിജോ തന്‍റെ കഠിന പ്രയത്നത്തിലൂടെ ഇന്ന് മൂന്ന് കമ്പനികളുടെ ഉടമയാണ്. ദുബായിൽ മികച്ച സേവനം നല്‍കി പ്രശസ്തിയാര്‍ജിച്ച ഉബൈദ് അഹമ്മദ് ഗ്യാസ് ഡിസ്ട്രിബൂട്ടിങ് എൽഎൽസി, ജുമാ അൽ ഫലാസി ഗ്യാസ് ഡിസ്ട്രിബ്യൂട്ടിങ് കമ്പനി, ടോപ് ഫിറ്റ്നസ് എൽഎൽസി എന്നിവയാണ് ഇദ്ദേഹത്തിന്‍റെ ബിസിനസ് സ്ഥാപനങ്ങൾ.
ALSO READ:എറണാകുളത്ത് മക്കളെ തീക്കൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; യുവതിയുടെ നില ഗുരുതരം
ഡാനിയൽ സോമൻ, ഉഷ സോമൻ എന്നിവരുടെ ഇളയ മകനാണ് നിജോ. ഓഗസ്റ്റ് 25ന് ഭാര്യ എലീനയോടും ഇസബെല്ല, ഇവാന എന്നീ രണ്ട് മക്കളോടുമൊപ്പം ദുബായ് റെസിഡൻസി ഡിപ്പാർട്ട്മെന്‍റിലെ ഓഫിസർ ആയ ഇസ അൽസിരിയിൽ നിന്നാണ് ഗോൾഡൻ വിസ കൈപ്പറ്റിയത്.
യുഎഇ ഗവൺമെന്‍റിന്‍റെ ഈ അംഗീകാരത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഗോൾഡൻ വിസ കൈപ്പറ്റിയ ശേഷം നിജോ പ്രതികരിച്ചു. വളർന്നുവരുന്ന മറ്റ് സംരംഭകർക്ക് കൂടി ഊർജം പകരുന്നതാണിത്. തുടർന്നും എല്ലാവരുടെയും പിന്തുണയും പ്രാർഥനയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.