കൊല്ലം: വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ അയൽവാസിക്ക് നാല് വര്‍ഷം കഠിന തടവും 15000 രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. കൊല്ലം മയ്യനാട് വില്ലേജില്‍ പിണയ്ക്കല്‍ചേരിയില്‍ കുഴിയില്‍ കോളനിയില്‍ പടിഞ്ഞാറേ പടനിലം വീട്ടില്‍ സോമരാജനെയാണ് കോടതി ശിക്ഷിച്ചത്.
2014 സെപ്റ്റംബര്‍ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ലൈംഗികാതിക്രമത്തിനു വിധേയയായ സ്ത്രീയുടെ മൊഴി വിശ്വസനീയമായി പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകടന്ന കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ ഒരുമാസം കഠിന തടവും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം കഠിന തടവും പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിക്കാനും ജയിലില്‍ കിടന്ന കാലയളവിൽ ശിക്ഷയിളവ് നല്‍കുന്നതിനും കോടതി ഉത്തരവായി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍. ഹരികുമാറാണ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്.