കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കലക്‌ട്രേറ്റിലെ മുഴുവന്‍ ഓഫീസുകളും പൂര്‍ണമായും മാലിന്യമുക്തമാകുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി എല്ലാ ഓഫീസുകളിലും സംവിധാനം ഒരുക്കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബാസ്ക്കറ്റുകള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
കലക്‌ട്രേറ്റിലെ എല്ലാ ഓഫീസുകളും ഹരിതചട്ടം പാലിച്ച് പ്രവര്‍ത്തിച്ച് വരുന്നവയാണ്. ശുചിത്വ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ സംവിധാനം സഹായകമാകും. രണ്ട് ബാസ്ക്കറ്റുകല്‍ വീതമാണ് ഓരോ ഓഫീസുകള്‍ക്കും നല്‍കിയിരിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നിനകം കലക്‌ട്രേറ്റിലെ ബയോഗ്യാസ് പ്ലാന്റില് നിക്ഷേപിക്കും. ഇതില്‍നിന്നുള്ള ബയോഗ്യാസ് കാന്‍റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. അജൈവ മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില് ശേഖരിച്ച് പാഴ്വസ്തു വില്‍പ്പനക്കാര്‍ക്ക് കൈമാറുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍ പറഞ്ഞു.
കിംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കലക്‌ട്രേറ്റിലെ ഓഫീസുകള്‍ക്ക് ആവശ്യമായ 120 ബാസ്ക്കറ്റുകള്‍ നല്‍കിയത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം എല്ലാ ഓഫീസുകള്‍ക്കും ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചി വിതരണം ചെയ്തിരുന്നു.