കൊല്ലം: നിലമേലിലെ വിസ്‌മയയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് കുറ്റപത്രം. സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്‌മയ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. 507 പേജുള്ള കുറ്റപത്രമാണ് ശാസ്‌താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പ്രതി കിരൺ കുമാർ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
102 സാക്ഷികളും, 92 റെക്കോർഡുകളും, 56 തൊണ്ടിമുതലുകളും ഉൾപ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ കൂടി ഉൾപ്പെടുത്തിയാൽ 2419 പേജാകും. വിസ്‌മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ ആണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ.ബി രവി പറഞ്ഞു. സമർപ്പിക്കപ്പെടുന്നത് കുറ്റമറ്റ ചാർജ് ഷീറ്റ് എന്നും റൂറൽ എസ് പി വിശ്വാസം പ്രകടിപ്പിച്ചു.
ഡിജിറ്റൽ തെളിവുകളാണ് കേസിൽ പ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്‌താംകോട്ട ഡിവൈ.എസ്.പി പി. രാജ് കുമാർ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നും ഡിവൈ.എസ്.പി അറിയിച്ചു.
സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതി കിരൺകുമാറിനെതിരെ കുറ്റപത്രത്തിലുള്ളത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.
Also read: 'ജലീലിനെ തള്ളിയെന്നത് വ്യാഖ്യാനം, അദ്ദേഹം പാര്‍ട്ടിയുടെ നല്ല സഹയാത്രികന്‍': മുഖ്യമന്ത്രി