കൊല്ലം : കാറിന്‍റെ മുൻസീറ്റ് ഒഴിച്ചിട്ടാണ് ഇപ്പോഴും യാത്ര ചെയ്യുന്നതെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ. മകളുടെ ആത്മാവ് ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ കാറിലാണ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത്.
വിസ്‌മയയുമൊത്താണ് കാര്‍ വാങ്ങാന്‍ പോയതെന്നും മകള്‍ക്ക് ഏറെ ഇഷ്‌ടമുള്ള വണ്ടിയായിരുന്നെന്നും പിതാവ് ഓർത്തെടുത്തു. മകളുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വന്നിരുന്നെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. വിധി കേള്‍ക്കാൻ ത്രിവിക്രമന്‍ നായര്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധു പിന്‍സീറ്റിലാണിരുന്നത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്‌മയ കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും 306 പ്രകാരം ആറ് വര്‍ഷവും 498 പ്രകാരം രണ്ട് വര്‍ഷവുമാണ് ശിക്ഷാവിധിയെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയുമടയ്‌ക്കണം. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്‌മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു വിസ്‌മയയുടെ ആത്മഹത്യ.