കൊല്ലം: വിസ്‌മയ കേസില്‍ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. വിധി പറയാന്‍ കോടതി തത്‌കാലത്തേക്ക് പിരിഞ്ഞു. രാവിലെ 11ന് ആദ്യകേസായാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി വിസ്മയ കേസ് പരിഗണിച്ചത്.
കോടതിയില്‍ നിര്‍വികാരതയോടെയാണ് പ്രതി കിരണെത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി കിരണ്‍ കുമാറിനോട് ചോദിച്ചു. വീട്ടില്‍ വൃദ്ധരായ മാതാപിതാക്കാളാണുള്ളതെന്ന് കിരണ്‍ കോടതിയോട് പറഞ്ഞു. അച്ഛന് സുഖമില്ലാത്തതാണ്. അച്ഛന് ഓര്‍മകുറവുണ്ട്. അമ്മയ്ക്ക് പ്രമേഹവും വാതത്തിന്‍റെയും രോഗമുണ്ട്. താനില്ലെങ്കില്‍ അച്ഛന് അപകടം സംഭവിക്കും. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് താൻ. തെറ്റ് ചെയ്തിട്ടില്ലെന്നും കൊലപാതകിയല്ലെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
വിസ്മയ കേസ് വ്യക്തിക്ക് എതിരെയുള്ളതല്ല, സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള മുന്നറിയിപ്പാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യര്‍ഥിച്ചു. മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കുറ്റകൃത്യം കണ്ടാല്‍ ശിക്ഷിക്കേണ്ട പ്രതി തന്നെയാണ് കുറ്റം ചെയ്‌തിരിക്കുന്നതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും പ്രതിക്ക് ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. കിരണ്‍കുമാര്‍ സ്‌ത്രീധനം എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിന്‍റെ പേരില്‍ വിസ്‌മയെ മര്‍ദിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞ കാലത്ത് കിരണിന്‍റെ നല്ല നടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി കിരണിന് ജാമ്യം നല്‍കിയതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.