കൊല്ലം: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്‌ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്‍റെ വാദം. മുൻ കാലങ്ങളിലെ പ്രശ്‌നങ്ങളുടെ പേരിലാണ് തനിക്കു മേൽകുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വാദിക്കുന്നത്.
വിസ്‌മയ കേസ്
2021 ജൂൺ 21നാണ് വിസ്‌മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്‌ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺ കുമാറിന്‍റെ നിരന്തരപീഡനത്തെ തുടർന്ന് വിസ്‌മയ മരിച്ചതെന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. സ്‌ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്‌മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു.
പ്രതി കിരൺ നിരന്തരം വിസ്‌മയയെ സ്‌ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവായി വാട്‌സ്‌ആപ്പ് ചാറ്റുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതാണ് കീഴ്‌കോടതികളിൽ പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ഇടയാക്കിയത്.
READ MORE: വിസ്‌മയ കേസ്: സുഹൃത്തിന്‍റേത് ഉള്‍പ്പെടെ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി