കൊല്ലം : ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടും കരസേന മുന്‍ ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ കയറി പൊലീസ് അതിക്രമം നടത്തിയതായി പരാതി. ഗൃഹനാഥനെ മര്‍ദിക്കുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.
കൊട്ടാരക്കര ഏഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിയും വിമുക്തഭടനുമായ ഉദയകുമാറാണ് പരാതി നല്‍കിയത്. ഏഴുകോണ്‍ പൊലീസ് അക്രമം നടത്തിയതായി കാണിച്ച് റൂറല്‍ എസ്.പിയ്‌ക്കുള്‍പ്പെടെ ഉദയകുമാര്‍ പരാതി നല്‍കി. എന്നാല്‍, എസ്.പിയ്‌ക്ക് പരാതി നല്‍കിയതിന്‍റെ പേരില്‍ പൊലീസ് വീണ്ടുമെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു.
ഉദയകുമാറിന്‍റെ ഭാര്യ സിനിയുടെ കുടുംബവീട്ടില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ഉദയകുമാറിന്‍റെ മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ സെപ്റ്റംബര്‍ 22 വരെ അറസ്റ്റ് തടഞ്ഞ് ഓഗസ്റ്റ് 27 ന് ഹൈക്കോടതി ഉത്തരവിട്ടു.
'സ്റ്റേഷന്‍ പരിധിയില്‍ താമസിക്കാന്‍ അനുവദിക്കില്ല'
ഉത്തരവ് നിലനില്‍ക്കെ ഉദയകുമാറിന്‍റെ ഭാര്യ സിനി മാത്രം വീട്ടിലുണ്ടായിരുന്ന ദിവസം രാത്രി പൊലീസ് വീട്ടിലെത്തി. തുടര്‍ന്ന്, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അസഭ്യം പറയുകയും കതക് ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി സിനി പറഞ്ഞു.
അക്രമസംഭവങ്ങളില്‍ പരിക്കേറ്റ സിനി ഉദയകുമാറിന്‍റെ വൂണ്‍ഡ് സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ കാണിച്ച് പരാതി നല്‍കിയിട്ടും പൊലീസ് പരാതിയുടെ രസീത് നല്‍കാനോ കേസ് എടുക്കാനോ തയ്യാറായില്ല. സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന പരിധിയില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വീട്ടുകാര്‍ പറഞ്ഞു.
ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. നീതിയ്‌ക്ക് വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിപക്ഷനേതാവിനേയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനിരിക്കുകയാണ് വീട്ടുകാര്‍.
ALSO READ: 'ഇന്ധന ടാങ്കുകൾ തകർക്കും'; കൊച്ചി കപ്പല്‍ശാലയ്‌ക്ക് വീണ്ടും ഭീഷണി സന്ദേശം