കൊല്ലം: സ്‌ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മിഷന്‍റെ വിശ്വാസ്യതയെ കമ്മിഷൻ അധ്യക്ഷ തകർത്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ നൽകിയ മോശം മറുപടി അവരുടെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണമെന്നും തനിക്ക് അവരോട് സഹതാപമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ നിലമേലിലെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിസ്‌മയയുടെ മാതാപിതാക്കളും സഹോദരനും വിസ്‌മയ നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്‌ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്‌മയയുടെ വീട്ടലെത്തിയിരുന്നു.
Also Read: 'എങ്കില്‍ അനുഭവിച്ചോ' ; മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈന്‍