കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഡിജിപി ഇന്‍റലിജൻസ് തയ്യാറാക്കിയ സുരക്ഷാസ്‌കീം ചോർന്ന സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരക്ഷാസ്‌കീം എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തീവ്രവാദികൾക്ക് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെ പ്രധാന മന്ത്രിയുടെ സുരക്ഷാസ്‌കീം ചോർന്ന സംഭവത്തെ ലാഘവത്തോടെ കാണാനാകില്ലെന്നുമായിരുന്നു വി മുരളീധരന്‍റെ പ്രതികരണം.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സുരക്ഷാവിവരങ്ങൾ ചോർന്ന സംഭവത്തെ സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം.
ഗുരുതര വീഴ്‌ച: തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊലീസ് സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളാണ് ചോർന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും പൂർണ വിവരങ്ങളും ഇതിലുള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 49 പേജുള്ള സുരക്ഷാസ്‌കീമില്‍ വിവിഐപികൾക്ക് നൽകുന്ന സുരക്ഷയുടെ വിശദമായ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന അതാത് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് വിശദമായ വിവരങ്ങളടങ്ങിയ ഈ സുരക്ഷാസ്‌കീം കൈമാറുന്നത്.
സുരക്ഷാസ്‌കീം ചോർന്ന സാഹചര്യത്തിൽ അവ മാറ്റം വരുത്തി പുതിയത് തയ്യാറാക്കി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഗുരുതരമായ വീഴ്‌ച സംഭവിച്ച സാഹചര്യത്തിൽ എഡിജിപി ഇന്‍റലിജൻസ് ടികെ വിനോദ് കുമാർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 25ന് രാവിലെ 10.30നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ്.
പിന്നാലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനമടക്കം വിവിധ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും. പരിപാടിയില്‍ വിവിഐപികൾക്ക് അതീവ സുരക്ഷയോടും ജാഗ്രതയോടുമാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) കേരള പൊലീസും സുരക്ഷ ഒരുക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗൗരവമേറിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ചാവേർ ആക്രമണ സന്ദേശവും : അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് കത്ത് വഴിയാണ് പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്‍റെ പേരിലാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കത്ത് വന്നിരിക്കുന്നത്.
അതീവ ഗൗരവമുള്ള സംഭവമായതിനാൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭീഷണി കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്.