കൊല്ലം: കൊല്ലം ചവറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കോയിവിള സ്വദേശി മേരി ടൈറ്റസിൻ്റെ വീട്ടിലെ ബൈക്കും പുതുതായി വാങ്ങിയ സ്‌കൂട്ടറുമാണ് കത്തി നശിച്ചത്. പുലർച്ചെ ഒരു മണിക്കാണ് സംഭവം. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
വാഹനങ്ങളിൽ നിന്നുള്ള തീ വീടിൻ്റെ ഭിത്തിയിലേക്കും ജനലഴിയിലേക്കും പടർന്നു. മേരിയുടെയും മക്കളുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.
പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ നടത്തിയ പരിശോധനയിൽ പെട്രോൾ ഒഴിച്ച് വാഹനങ്ങൾ കത്തിച്ചതാണെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.