കൊല്ലം: പുനലൂർ കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇളമ്പൽ സ്വദേശി അനന്ദു കൃഷ്‌ണൻ, പിറവന്തൂർ സ്വദേശി അതുൽ എസ്.രാജ് എന്നിവരാണ് മരിച്ചത്. ഇരുവരും പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ഇരുവരും ആളൊഴിഞ്ഞ മേഖലയില്‍ കുളിക്കാനിറങ്ങുകയും മുങ്ങി താഴുകയുമായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരില്‍ ചിലര്‍ ഒരാളെ കണ്ടെത്തി കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് ഒരുമണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പുനലൂര്‍ പൊലീസ് അറിയിച്ചു. അതേസമയം സ്‌കൂളിലേക്ക് പോയ കുട്ടികള്‍ എങ്ങനെ ആരും അറിയാതെ ഇവിടെ കുളിക്കാനെത്തിയെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.