കൊല്ലം: അലക്കുകുഴി നിവാസികളുടെ ആശങ്കകളും ദുരിതങ്ങളും മാറി. കൊല്ലം കോര്‍പ്പറേഷന്‍ അലക്കുകുഴി നിവാസികള്‍ക്കായി മുണ്ടയ്ക്കല്‍ കച്ചിക്കടവില്‍ പണികഴിപ്പിച്ച് നല്‍കിയ 20 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. താക്കോല്‍ദാനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. 1.7 കോടി രൂപ ചെലവഴിച്ച് പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കൈമാറിയത്. ജനുവരി ഒന്നിന് ആരംഭിച്ച നിര്‍മാണം ഒമ്പത് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ പ്രകാരം ഒരു വര്‍ഷമായിരുന്നു കാലാവധി. 8.5 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണ ചെലവ്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മൂന്ന് ലക്ഷം പേര്‍ക്ക് വീട് നല്‍കുവാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞെന്ന് മന്ത്രി എ.സി. മൊയ്‌തീന്‍ പറഞ്ഞു. ഇതിനകം 1.2 ലക്ഷം വീടുകളുടെ നിര്‍മാണത്തിനുള്ള കരാര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കാനുള്ളത്. ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്കായുള്ള ഫ്ലാറ്റുകളാണ് ഇതിന്‍റെ ഭാഗമായി നിര്‍മിക്കുക. അടിമാലിയില്‍ 217 ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചുകഴിഞ്ഞതായും മുഴുവന്‍ ജില്ലകളിലുമായി 56 സ്ഥലങ്ങള്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള 123 സ്ഥലങ്ങളും ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച ആയിരത്തി അറന്നൂറാമത് വീടിന്‍റെ താക്കോല്‍ദാനം മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും കെ.രാജുവും ചേര്‍ന്ന് നിര്‍വഹിച്ചു. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം കോര്പ്പറേഷന്റെ നേതൃത്വത്തില്‍ നടന്ന അലക്കുകുഴി നിവാസികളുടെ പുനരധിവാസം മാതൃകാപരമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ചടങ്ങില്‍ മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുള്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് എന്നിവരും ചടങ്ങിൽ പങ്കാളികളായി.